തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി 19കാരി മരിച്ചു, വാക്‌സീൻ കാരണമെന്ന് വീട്ടുകാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 08:41 AM  |  

Last Updated: 13th August 2021 09:04 AM  |   A+A-   |  

nova_sabu death

നോവ സാബു/ ഫേസ്ബുക്ക്

 

പത്തനംതിട്ട; തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടർന്ന് ബിരുദ വിദ്യാർഥിനി മരിച്ചു. ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി. തോമസിന്റെ മകൾ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്സിനെടുത്തതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. തുടർന്ന് സംശയം ഉന്നയിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. 

കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലിനു കമ്പിയിടാൻ പോയപ്പോൾ അവിടെ നിന്നാണ് നോവ കോവിഷീൽഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി. 

7ന് സ്ഥിതി കൂടുതൽ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുന്നത്. മരിച്ച നോവ കൊച്ചി അമൃത കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിഎംഒ എ.എൽ.ഷീജ പറഞ്ഞു.