ബലാത്സംഗം സ്ത്രീയെ നാണക്കേടില്‍ മുക്കുന്നു; പലപ്പോഴും അവര്‍ക്കതു പുറത്തുപറയാന്‍ പോലുമാവില്ല: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 03:12 PM  |  

Last Updated: 13th August 2021 03:13 PM  |   A+A-   |  

Kerala High Court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: ബലാത്സംഗം സ്ത്രീക്കു സ്ഥായിയായ നാണക്കേടിനു കാരണമാവുന്നുണ്ടെന്നും ശാരീരികമായ പരിക്കിനേക്കാള്‍ വലുതാണ് അതെന്നും ഹൈക്കോടതി. ഒരു സ്ത്രീക്കു നേരെ ഉണ്ടാകാവുന്ന ഏറ്റവും ഹീനമായ അതിക്രമാണ് ബലാത്സംഗം. പലപ്പോഴും അവര്‍ക്ക് അതു പുറത്തുപറയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

തൃശൂര്‍ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റി സിസി ജോണ്‍സന് എതിരായ ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് ഷിര്‍സി വി പറഞ്ഞു. 2016ല്‍ തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി, അടുത്തിടെ ഒളിംപ്യന്‍ മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ സംഭവമാണ് കേസിന് ആധാരം.

2016 ജൂലൈ ഒന്‍പതിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമെന്ന് കോടതി പറഞ്ഞു. നാലു വര്‍ഷത്തിനു ശേഷമാണ് ഇതില്‍ പരാതി നല്‍കിയത്. ബലാത്സംഗ കേസില്‍ പരാതി നല്‍കാന്‍ വൈകി എന്നതിന് നിയമപരമായി വലിയ പ്രസക്തിയൊന്നുമില്ലെന്ന് കോടതി പറഞ്ഞു. പരാതി വൈകിയത് എന്തു സാഹചര്യത്തിലാണ് എന്നതു കണക്കിലെടുക്കണം. വിവാഹ ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരമൊരു സംഭവം നടന്നതെന്ന് പരാതിക്കാരി പറയുന്നുണ്ട്. 2018ല്‍ അവരുടെ വിവാഹം കഴിഞ്ഞു. അതുകൊണ്ടുതന്നെ പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ടു മാത്രം ഈ കേസ് തള്ളാനാവില്ല.

പ്രതി പരാതിക്കാരിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തിരുന്നെന്നും അതുവച്ചു ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പരാതിക്കാരിയുടെ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങളും അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും 2016ല്‍ നടന്ന സംഭവമായതിനാല്‍ തെളിവു ശേഖരണത്തിനു പ്രയാസമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും ജോണ്‍സന് നിര്‍ദേശം നല്‍കി.