മക്കളുടെ ആക്രമണം ഭയന്ന് പ്ലാസ്റ്റിക് ഷീറ്റില്‍ ദുരിത ജീവിതം; അമ്മയുടെ കൈ തല്ലിയൊടിച്ചു, സംരക്ഷണം തേടി പ്രായമായ മാതാപിതാക്കള്‍ കോടതിയില്‍

മക്കളുടെ ആക്രമണം ഭയന്ന് പ്രായമായ അച്ഛനും അമ്മയും കോടതിയെ സമീപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന് പ്രായമായ അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുന്ന 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയുമാണ് മക്കളില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചിരുന്നു. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി.

ഇടുക്കി കരുണാപുരത്താണ് സംഭവം. സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും  മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി. 

പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്‌നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്. 

ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിക്കുകയായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് മകന്റെ ഭീഷണി. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി.  ഇത് നടപ്പാക്കാന്‍ ഇളയ മകന്‍ ബിജുവിനെ പിടികൂടാനുള്ള തെരച്ചലിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com