'ഹരിത'യ്ക്ക് എതിരായ നടപടി; എംഎസ്എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 08:20 PM  |  

Last Updated: 17th August 2021 08:20 PM  |   A+A-   |  

msf

എംഎസ്എഫ് പതാക/ഫയല്‍


മലപ്പുറം: എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ് രാജിവച്ചു. എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയ 'ഹരിത' സബ്കമ്മിറ്റി പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ രാജിവച്ചേക്കുമെന്നാണ് സൂചന. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥിനി വിഭാഗത്തിന്റെ സംസ്ഥാന സമിതിയെയാണ് അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് ലീഗ് മരവിപ്പിച്ചത്.വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് തുടങ്ങിയവരോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും മുസ്ലീംലീഗ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. 

എംഎസ്എഫ് പ്രവര്‍ത്തകരും ഹരിത ഭാരവാഹികളും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെ, ഹരിത സംസ്ഥാന ഭാരവാഹികള്‍ അച്ചടക്ക ലംഘനം നടത്തിയതായി ലീഗിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ അകത്തുപറഞ്ഞു തീര്‍ക്കുന്നതിന് പകരം വിവാദം പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചത് ഗുരുതര അച്ചടക്ക ലംഘനമാണ് എന്ന് കാട്ടിയാണ് ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

അതേസമയം, ലൈംഗികാധിക്ഷേപം നടത്തിയെന്ന 'ഹരിത' സബ് കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം.

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു.