അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 08:13 PM  |  

Last Updated: 17th August 2021 08:13 PM  |   A+A-   |  

c-17_plane

ഫോട്ടോ: ട്വിറ്റർ

 

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചു. അഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ കേരളം ആവശ്യപ്പെട്ടു. 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോൺ വിളികൾ വരുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പലരുടേയും പാസ്‌പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായി ചിലരുടെ സന്ദേശങ്ങളിൽ ഉണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിലെ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.