''ഭക്ഷണത്തിനായല്ല, ആളുകള്‍ പരക്കം പായുന്നത് ബുര്‍ഖയ്ക്കു വേണ്ടി, അനുദിനം വഷളാവുകയാണ് സ്ഥിതിഗതികള്‍''

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 10:31 AM  |  

Last Updated: 18th August 2021 10:31 AM  |   A+A-   |  

Refugees from Afghanistan

ടൊറന്റോ വിമാനത്താവളത്തില്‍ എത്തിയ അഫ്ഗാന്‍ അഭയാര്‍ഥികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നു/എപി

 

തിരുവനന്തപുരം: ''ഭക്ഷണത്തിനായല്ല, ബുര്‍ഖയ്ക്കു വേണ്ടിയാണ് ഇവിടെ ആളുകള്‍ പരക്കംപായുന്നത്. അത്രയ്ക്കു ഭീതിയാണ് ജനങ്ങളില്‍. താലിബാന്‍ കാബൂളിന് അടുത്തെത്തിയപ്പോള്‍ മുതല്‍ ഇതാണ് സ്ഥിതി. പിന്നെപ്പിന്നെ അതുകൂടിക്കൂടി വന്നു''- താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാന്‍ തലസ്ഥാനത്തുനിന്ന് ആശങ്ക മറച്ചുവയ്ക്കാത്ത സ്വരത്തില്‍ മലയാളി വിദ്യാര്‍ഥി പറയുന്നു. എംബസി ഉദ്യോഗസ്ഥരെയെല്ലാം സര്‍ക്കാര്‍ തിരിച്ചുകൊണ്ടുപോയതോടെ ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിലാണ്, ഇന്ത്യക്കാരെല്ലാം. 

സ്ഥിതിഗതികള്‍ അനുദിനം വഷളാവുകാണെന്ന് വിദ്യാര്‍ഥി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ''രണ്ടു ദിവസം മുമ്പ് കാബൂളിലെ ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. എല്ലാവരും അതില്‍ പങ്കുവയ്ക്കുന്നത് ഭീതിയാണ്. ആയിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ കാബൂളില്‍ തന്നെയുണ്ട്. അതില്‍ 41 പേരെങ്കിലും മലയാളികളാണ്. തിരിച്ചു നാട്ടിലേക്കു പോവുന്നതിനു വഴി ആരായാനും വിവരങ്ങള്‍ പങ്കുവയ്ക്കാനുമാണ് ഗ്രൂപ്പ് തുടങ്ങിയത്. എംബസി ഉദ്യോഗസ്ഥര്‍ കൂടി തിരിച്ചുപോയതോടെ എല്ലാവരും ആശങ്കയിലാണ്''- വിദ്യാര്‍ഥി പറയുന്നു.

ഇന്ത്യക്കാര്‍ക്കു നേരെ ആക്രമണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സുരക്ഷിതമായി എത്ര നാള്‍ എന്ന ചോദ്യം ബാക്കിയാവുകയാണ്. ''ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിനു തൊട്ടടുത്ത് അവര്‍ തിരച്ചിലിനായി വന്നിരുന്നു. മുന്‍ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരെയാണ് അവര്‍ തിരയുന്നത് എന്നാണ് വിവരം. അവര്‍ വന്നപ്പോള്‍ ഞാന്‍ മേശയ്ക്കടിയില്‍ ഒളിച്ചു. തിരച്ചില്‍ നിര്‍ത്തി പോവും വരെ അതിനടിയില്‍ കഴിഞ്ഞു''

നോര്‍ക്ക റൂട്ട്‌സ് സിഇഒയെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചെന്ന് വിദ്യാര്‍ഥി പറഞ്ഞു. എംബസിയില്‍നിന്ന ആരും ബന്ധപ്പെട്ടിട്ടില്ല. ഇപ്പോള്‍ എംബസി ഉദ്യോഗസ്ഥരെല്ലാം തിരിച്ചുപോയിരിക്കുന്നു. ഇനി എങ്ങനെ സുരക്ഷിതമായി നാട്ടില്ലെത്തും എന്നറിയില്ല. സര്‍ക്കാര്‍ തങ്ങളെ കൊണ്ടുപോവാനായി വിമാനം അയയ്ക്കുമോ എന്നറിയില്ല. അങ്ങനെ വിമാനം അയച്ചാല്‍ തന്നെ എയര്‍പോര്‍ട്ടുവരെ സുരക്ഷിതമായി എത്താനാവുമോ എന്നും അറിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു.