ഒരു വയസുകാരിയുടെ തൊണ്ടയില്‍ കല്ലുകുടുങ്ങി, ചോരയൊലിപ്പിച്ച്‌ അബോധാവസ്ഥയില്‍; രക്ഷകനായി ബൈക്ക് യാത്രികന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 09:22 AM  |  

Last Updated: 19th August 2021 09:22 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം


ബത്തേരി: കളിക്കുന്നതിന് ഇടയിൽ തൊണ്ടയിൽ കല്ലു കുടുങ്ങി ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്കു നീങ്ങിയ കുഞ്ഞിന് രക്ഷകനായി ബൈക്ക് യാത്രക്കാരൻ. ഒരു വയസുകാരി ആയിഷ സെൻഹയെയാണ് പ്രനൂപ് എന്ന യുവാവിന്റെ തക്ക സമയത്തെ ഇടപെടൽ രക്ഷിച്ചത്. 

കുഞ്ഞിനെ കൈത്തണ്ടയിൽ കമിഴ്ത്തി കിടത്തി പുറത്തു തട്ടി കല്ലു കളയാൻ പ്രനൂപിന് സാധിച്ചതോടെയാണ് അപകടം ഒഴിവായത്. അൽപം കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. കുഞ്ഞ് ഇപ്പോൾ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പുകുത്തി പട്ടയമ്പം കണ്ടോത്ത് ഫിറോസിന്റേയും ഷഹാമത്തിന്റേയും കുഞ്ഞാണ് രക്ഷപെട്ടത്. 

രണ്ടാമത്തെ കുഞ്ഞ് മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോൾ ഇളയവൾ ഒരു വയസ്സുകാരി ആയിഷ സെൻഹയെ മൂത്തയാളായ ആറുവയസുകാരൻ മുഹമ്മദ് ഫർസിനെയാണ് നോക്കാനേൽപിച്ചത്. ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെൻഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്.

ജനാലയ്ക്കു മുകളിൽ കയറി നിൽക്കുകയായിരുന്ന മൂത്ത കുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സെൻഹ. കളിക്കുന്നതിനിടെ കല്ല് വായിലിട്ടിരുന്നു. മേൽപോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയിൽ കല്ല് കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടൻ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയിൽ കയ്യിട്ട് കല്ലെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

തോളിൽ കിടത്തി തട്ടി നോക്കി എന്നാൽ കല്ലു പോയില്ല. കുട്ടിയുടെ കരച്ചിൽ ഈ സമയം നേർത്തു നേർത്തു വന്നു. അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവിൽ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി ഓടിയെത്തി.

പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ രക്തത്തോടൊപ്പംംകല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതൽ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് അൽപം തള്ളി വന്നിരുന്നു.