നഗരം കീഴടക്കാന്‍ പുലിക്കൂട്ടമില്ല; പുലി കളി ഇന്ന് ഒറ്റപ്പുലിയില്‍ ഒതുങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 08:58 AM  |  

Last Updated: 24th August 2021 08:58 AM  |   A+A-   |  

8puli_EPS_lar

ഫയല്‍ ചിത്രം

 

തൃശ്ശൂർ: പുലിക്കൂട്ടവും ആൾക്കൂട്ടവും ഇല്ലാതെയുള്ള പുലികളി ഇന്ന്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ഓണാഘോഷത്തിൽ തൃശ്ശൂരിന്റെ അടയാളമായ പുലി കളി ഒറ്റപ്പുലിയിൽ ഒതുങ്ങും. വിയ്യൂർ പുലി കളി സംഘത്തിലെ സുശിൽ മണലാറുകാവാണ് ഒറ്റപ്പുലിയാകുന്നത്. 

ഒമ്പതുവർഷമായി ഇദ്ദേഹം പുലിവേഷം കെട്ടാറുണ്ട്. ഇന്ന് രാവിലെ പത്തുമണിയോടെ പുലിയാകാനുള്ള വര തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിയ്യൂരിൽ നിന്നിറങ്ങും. ശ്രീമൂലസ്ഥാനത്തെത്തുന്ന പുലി നടുവിലാലിലിറങ്ങി നാളികേരം ഉടയ്ക്കും. പിന്നാലെ വാഹനത്തിൽ റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തും. അവിടെ‌ നാളികേരം ഉടച്ചശേഷം മടങ്ങും.

അഞ്ഞൂറിലധികം പുലികളാണ് സാധാരണ റൗണ്ടിൽ ഇറങ്ങുന്നത്. എന്നാൽ ഇത്തവണ ഒറ്റപ്പുലി മാത്രം. രണ്ട്‌ ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും. നടുവിൽപുരയ്ക്കൽ രാജനും കുടുംബത്തിനുമാണ് വരയുടെ ചുമതല.

അയ്യന്തോൾ പുലി കളി സംഘം ഓൺലൈൻ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുലിമുഖങ്ങളുടെ ഒരുക്കമാണ് തിങ്കളാഴ്‌ച നടന്നത്. രാവിലെ പത്തോടെത്തന്നെ ഇവിടെയും വര തുടങ്ങും. പന്ത്രണ്ടോടെ പുലികളെല്ലാം സജ്ജമാകും. മൂന്നുമണിക്കാണ് ലൈവ് ആരംഭിക്കുക. ‌