ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കില്ല; പൊലീസിന്റെ ഹര്‍ജി തള്ളി

യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി
രൂപമാറ്റം വരുത്തിയ വാഹനം;  എബിന്‍, ലിബിന്‍
രൂപമാറ്റം വരുത്തിയ വാഹനം; എബിന്‍, ലിബിന്‍

കണ്ണൂര്‍: യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. 

കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ അതിക്രമം നടത്തിയതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ലിബിന്‍, എബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസില്‍ ഒരുദിവസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചിരുന്നത്. 

വ്ളോഗര്‍മാരായ എബിനെയും ലിബിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം ചെയ്തതില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിലെ വ്ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ അതിക്രമം കാണിച്ചത്. രൂപമാറ്റം വരുത്തിയതിന് ഇവരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട ടെംമ്പോ ട്രാവലര്‍ വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആര്‍ ടി ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇവരുടെ ആരാധകരും ആര്‍ ടി ഓഫീസില്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയതു. ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ ആരാധകര്‍ ഭീഷണിയുമായി രംഗത്തെത്തി. കലാപാഹ്വാനത്തിനും പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും ചിലര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com