നടക്കാനിറങ്ങിയ അച്ഛൻ ‌വഴിയിൽ വീണുമരിച്ചു; മൃതദേഹത്തിനരികെ ഏങ്ങിക്കരഞ്ഞ് ഇരട്ടക്കുട്ടികൾ കഴിഞ്ഞത് മൂന്നു മണിക്കൂർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 07:46 AM  |  

Last Updated: 25th August 2021 07:46 AM  |   A+A-   |  

young_man_dead

ജിതിൻ

 

കൊച്ചി: പുലർച്ചെ മക്കളുമൊത്ത് നടക്കാനിറങ്ങിയ യുവാവിനെ വഴിയിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികൾ അച്ഛന്റെ മൃതദേഹത്തിനരികെ മൂന്ന് മണിക്കൂറോളം കഴിഞ്ഞു. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാനെത്തിയ യുവാവാണ് മരിച്ചത്. കലൂർ സ്വദേശി ജോർജിന്റെ ഏക മകൻ ജിതിൻ (29) ആണ് മരിച്ചത്.

പുലർച്ചെ ഈ വഴി എത്തിയ പത്രവിതരണക്കാരനാണു സംഭവം ആദ്യം കണ്ടത്. മൂന്ന് വയസുള്ള ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മൃതദേഹത്തിനടുത്തിരുന്നു ഏങ്ങിക്കരയുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേ​ഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

ആറ് ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ജോലി ആവശ്യത്തിനായി ബെംഗളരൂവിലാണ് ക്രിസ്റ്റീന. ജിതിന്റെ അച്ഛൻ വിദേശത്താണ്. മാതാവ് ലിസിമോൾ ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസറാണ്. ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. അവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മക്കളോടൊത്ത് റിസോർട്ടിലെത്തിയത്. 

റിസോർട്ടിൽ നിന്ന് പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക്‌ ഇറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റുമോർട്ടം നടത്തും.