പരാതിക്കാരിയോട് ചുംബനം ചോദിച്ചു; പൊലീസുകാരനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 09:06 AM  |  

Last Updated: 26th August 2021 09:06 AM  |   A+A-   |  

POLICE

പ്രതീകാത്മക ചിത്രം

 

കൊല്ലം: പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെ കേസെടുത്തു. ഇയാളെ ഇന്ന് സസ്‌പെന്റ് ചെയ്‌തേക്കും. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീടിന് മുന്നില്‍വച്ച് സ്ഥിരമായി മ്ദ്യപിച്ച് ബഹളം വെക്കുന്നവര്‍ക്കെതിരെ നാല് ദിവസം മുന്‍പ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളി തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്‌ളീല സംഭാഷണങ്ങള്‍ വിവരിച്ച് ഇയാള്‍ക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.

തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്.പി കെ.ബി.രവിക്ക് റിപ്പോര്‍ട്ടു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ ഉണ്ടാവുക. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ സ്റ്റേഷനില്‍ വനിതാ എസ്‌ഐമാര്‍ തമ്മില്‍ തല്ലിയത്.