ഓണ്‍ലൈന്‍ ഷോപ്പിങ് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാനം, ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്; നിയമനടപടിയിലേക്ക്

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്. 20-ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതായും ഇതില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇ എംഎ നിഷാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാമ്പയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന പേരില്‍ വ്യാജ പ്രചാരണവും തട്ടിപ്പും നടക്കുന്നത്.  ഈ വെബ്‌സൈറ്റിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ല.  വ്യാജ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ ഓഫറുകള്‍ എത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ ലുലു ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

ലിങ്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തയതിന് ശേഷം മാത്രം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് ലുലു കാണുന്നത്. തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടിയുമായിട്ടാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. ഓഫര്‍ 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നാണ് വ്യാജ ഓഫറില്‍ പറയുന്നത്. ലുലുവിന്റെ ഔദ്യോഗിക സൈറ്റില്‍ മാത്രം കയറി ഓഫറുകള്‍ തിരിച്ചറിയുക. തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും  എം എ നിഷാദ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com