ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത്

തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്. മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത്. 

23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ഉന്നയിച്ചു പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ഇരിപ്പിടത്തിലെത്തി ബഹളം വച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇതോടെ യോഗം അവസാനിപ്പിച്ച് മേയര്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം കൂട്ടത്തോടെ എത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളും അടിയുമായി. 

തന്റെ കസേര വലിച്ചെറിഞ്ഞതായും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും മേയര്‍ പറഞ്ഞു. നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ഇപ്പോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.

ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എംപി വിന്‍സെന്റ് പറഞ്ഞു. കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന്, സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെ പല്ലന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com