ഡിസിസി പട്ടികയില്‍ പ്രതിഫലിച്ചത് നേതാക്കളുടെ താല്‍പര്യം മാത്രം; തെറ്റ് ബോധ്യപ്പെടുത്തിയാല്‍ തിരുത്താമെന്ന് ശിവദാസന്‍ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 11:08 AM  |  

Last Updated: 29th August 2021 11:08 AM  |   A+A-   |  

dcc restructuring

കെ ശിവദാസന്‍ നായര്‍, മാധ്യമങ്ങളോട്

 

തിരുവനന്തപുരം: നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍. 
നേതാക്കള്‍ പലവട്ടം കൂടിയാലോചിച്ചാണ് ഡിസിസി പട്ടികയുണ്ടാക്കിയത്. ആ കൂടിയാലോചനയില്‍ അണികളുടെ വികാരം പ്രതിഫലിക്കില്ല. അതില്‍ മാനദണ്ഡമായത് നേതാക്കളുടെ താല്‍പര്യം മാത്രമാണ്. അണികളുടേതല്ലെന്നും കെ ശിവദാസന്‍ നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. പരസ്യപ്രതികരണത്തിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ നേതൃത്വത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കെ ശിവദാസന്‍ നായര്‍.

പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഒറ്റമൂലി സംഘടനാ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനങ്ങളുടെ പേരിലാണ് ശിവദാസന്‍ നായര്‍ക്കെതിരെ നേതൃത്വം നടപടിയെടുത്തത്. നേതൃത്വത്തിന് അംഗത്വം റദ്ദാക്കാം.  കോണ്‍ഗ്രസില്‍നിന്ന് തന്നെ  പുറത്താക്കാനാകില്ലെന്ന് കെ ശിവദാസന്‍ നായര്‍ പറഞ്ഞു. തന്റെകൂടി രക്തം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമര്‍ശനം പാടില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ലാതാകും. ഇപ്പോള്‍ പ്രതികരിച്ചത് ഭാവിയില്‍ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമര്‍ശനം ഉന്നയിച്ചിട്ടുള്ളവര്‍ അത് ഉള്‍കൊള്ളാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.