വഖഫ് : മുഖ്യമന്ത്രി വിളിച്ചു; പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും സമസ്ത പിന്മാറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 11:58 AM  |  

Last Updated: 02nd December 2021 12:16 PM  |   A+A-   |  

jifri muthukoya thangal and pinarayi vijayan

ജിഫ്രി മുത്തുക്കോയ തങ്ങൾ, പിണറായി വിജയൻ / ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ഫയൽ ചിത്രം

 

കോഴിക്കോട്: വഖഫ് നിയമന വിഷയത്തില്‍ പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും സമസ്ത പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചതിന് പിന്നാലെയാണ് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും സമസ്തയുടെ പിന്മാറ്റം. മുഖ്യമന്ത്രി ഫോണില്‍  വിളിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അതേസമയം വഖഫ് നിയമനം പിഎസ് സിക്ക് വിട്ടത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോഴിക്കോട്‌ ടൗൺഹാളിൽ വഖഫ്‌ മുതവല്ലി സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ. സമരം സമസ്തയുടെ നയമല്ല. പ്രതിഷേധം ഉത്തരവാദപ്പെട്ടവരെ അറിയിക്കും. മുഖ്യമന്ത്രി മാന്യമായാണ് പെരുമാറിയത്. അതുകൊണ്ടു തന്നെ തിരിച്ചും മാന്യമായി പെരുമാറും. വഖഫ് മന്ത്രി വി അബ്ദു റഹ്മാനെ മുത്തുക്കോയ തങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രി അബ്ദുറഹ്മാന് ധാര്‍ഷ്ട്യമാണ്. മന്ത്രിയുടെ നിലപാട് വെല്ലുവിളിയാണെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. 

വഖഫ് സ്വത്തുക്കള്‍ പവിത്രമാണ്. പലതും നഷ്ടമായി. മുമ്പേ പ്രതിഷേധം ഉണ്ടാകേണ്ടതായിരുന്നു. പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും ജഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വഖഫ് ഉദ്‌ബോധനവും പള്ളികളില്‍ വേണ്ട. അത് വലിയ കുഴപ്പമുണ്ടാക്കും. പലരും കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കും. ഉദ്‌ബോധനവും പള്ളിക്ക് പുറത്ത് അങ്ങാടിയിലോ ആളുകള്‍ കൂടുന്നയിടത്തോ നടത്തിയാല്‍ മതിയെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞു.

പള്ളികളില്‍ പ്രതിഷേധം നടത്താന്‍ സമസ്ത ഒരു ഘട്ടത്തിലും തീരുമാനിച്ചിട്ടില്ല. പള്ളികളില്‍ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ല. പള്ളികളില്‍ പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ടാകരുത്. പള്ളികള്‍ ആദരിക്കപ്പെടേണ്ട സ്ഥലമാണ്. വഖഫ് വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് സമസ്ത മുന്നിലുണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.