'ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; പിന്നാലെ മിന്നല്‍ സന്ദര്‍ശനം', വീണാ ജോര്‍ജിന് എതിരെ അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 03:26 PM  |  

Last Updated: 05th December 2021 03:26 PM  |   A+A-   |  

veena george

ഫയല്‍ ചിത്രം

 

പാലക്കാട്: ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ആശുപത്രിയില്‍ എത്തിയതെന്നാണ് ആരോപണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 32 ലക്ഷം മുടക്കി ഫര്‍ണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആംബുലന്‍സുകള്‍ കട്ടപ്പുറത്തും. ഓടുന്നവയില്‍ മതിയായ ജീവന്‍ രക്ഷാ സംവിധാനമില്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.