വിദ്യാർഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2021 08:30 AM  |  

Last Updated: 09th December 2021 08:30 AM  |   A+A-   |  

The-State-Commission-for-Protection-of-Child-Rights


തിരുവനന്തപുരം: വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാർഥികളെ ആണ് ബാബറി ബാഡ്ജ് ധരിപ്പിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ സ്വമേധയാണ് കേസെടുക്കുകയായിരുന്നു.  

അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെയാണ് കുട്ടികൾക്ക് ബാബറി ബാഡ്ജ് നൽകിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീർ, കണ്ടാലറിയാവുന്ന രണ്ട് പേരെയുമാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  

തെറ്റായ രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ക്യാമ്പസ് ഫ്രണ്ട്

ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന് പരാതി നൽകിയിരുന്നു. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചാണ് കൃഷ്ണദാസ് പരാതി നൽകിയത്. എന്നാൽ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ ദിനത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ക്യാമ്പസ് ഫ്രണ്ട് പ്രതികരിച്ചത്.