നേതാക്കള്‍ വേദിയിലിരുന്ന് പ്രോത്സാഹിപ്പിച്ചു;  മുസ്ലീം ലീഗിന്റെ പേര് വര്‍ഗീയ ലീഗ് എന്നാക്കണമെന്ന് എഐവൈഎഫ്

കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ്
എഐവൈഎഫ് -ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍
എഐവൈഎഫ് -ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരായി കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ്. 

പൊതുമരാമത്ത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ മിശ്ര വിവാഹത്തെ വ്യഭിചാരമാണെന്ന് ആക്ഷേപിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്റെ അസഭ്യവര്‍ഷത്തെ വേദിയിലിരുന്ന് ലീഗ് നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലീഗിന്റെ അഭിപ്രായമായി വേണം ഇതിനെ കാണാന്‍, ഇത്രയും അപരിഷ്‌കൃതമായ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ മുസ്ലിം ലീഗിന്റെ പേര് മാറ്റി വര്‍ഗ്ഗീയ ലീഗ് എന്നാക്കണമെന്നും ഈ വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരുന്ന മുസ്ലിം ലീഗില്‍ നിന്നും മുസ്ലിം സമൂഹം അകന്നു പോകുന്നതും അധികാരം ലഭിക്കാത്തതിന്റെ വേവലാതിയും മൂലം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടവരുടെ കൂടാരമായി നിലവിലെ മുസ്ലിം ലീഗ് മാറിയെന്നും ഇത്തരം മലീമസമായ പ്രസ്താവനകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com