'അന്ന് കൃഷ്ണപിള്ള മണിയടിച്ചില്ലായിരുന്നെങ്കില്‍ ഇന്നെനിക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു'; ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃത മാറ്റം വേണം: മന്ത്രി കെ രാധാകൃഷ്ണന്‍

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍
കെ രാധാകൃഷ്ണന്‍/ഫയല്‍
കെ രാധാകൃഷ്ണന്‍/ഫയല്‍


തൃശൂര്‍: ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയോടനുബന്ധിച്ചു നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ കയറി പി കൃഷ്ണപിള്ള മണിയടിച്ചില്ലായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ ഈ വേദിയില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

സമൂഹത്തില്‍ തുല്യത വേണമെന്നത് പ്രധാനമാണ്. ഈ കാലഘട്ടം പ്രതിസന്ധി നിറഞ്ഞതാണ്. മഹാമാരിക്കെതിരെ മനുഷ്യന്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിച്ചത്. രോഗങ്ങള്‍ക്ക് ജാതിയോ മതമോ ആണ്‍ പെണ്‍ വ്യത്യാസമോ സമ്പന്നന്‍ എന്നോ ദരിദ്രനെന്നോ ഒന്നുമില്ല. ഒന്നായി നിന്നുകൊണ്ട് ചെറുത്തു തോല്‍പ്പിക്കുക എന്ന സന്ദേശമാണ് കോവിഡ് മഹാമാരി നല്‍കുന്ന സന്ദേശം. ഗുരുവായൂര്‍ സത്യഗ്രഹ നവതിയുടെ ആവേശവും ഊര്‍ജ്ജവും ഈ സന്ദേശം ഏറ്റെടുക്കാന്‍ സമുഹത്തെ പ്രാപ്തരാക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് സാക്ഷിയായ പി ചിത്രന്‍ നമ്പൂതിരിപ്പാടിനെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. എം എം നാരായണന്‍ മോഡറേറ്ററായ സെമിനാറില്‍ ഡോ. പി വി കൃഷ്ണന്‍ നായര്‍, റിട്ടയേഡ് ജസ്റ്റിസ് കെ സുകുമാരന്‍, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com