ഹരിപ്പാട് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 08:26 PM  |  

Last Updated: 21st December 2021 08:26 PM  |   A+A-   |  

temple_robery

ക്ഷേത്രത്തില്‍ പൊലീസ് പരിശോധന

 

ഹരിപ്പാട്: ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയ മാലയും സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ക്ഷേത്രത്തിന്റെ മുറ്റം തൂക്കാനെത്തിയവരാണ്‌ മോഷണം നടന്നത് ആദ്യം ശ്രദ്ധിച്ചത്.  വഴിപാടു കൗണ്ടര്‍ തുടന്നുകിടക്കുന്നതായി കണ്ടു സംശയം തോന്നി അടുത്തെത്തി നോക്കിയപ്പോള്‍ ദേവസ്വം ഓഫീസും തുറന്നു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

ഇവര്‍ ഉടന്‍തന്നെ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് മുഞ്ഞിനാട്ടു രാമചന്ദ്രന്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍ എന്നിവരെ വിവരം അറിയിച്ചു. ഇവര്‍ എത്തി പരിശോധിച്ചപ്പോഴാണ് ശ്രീകോവിലിലടക്കം കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഉരുപ്പടികള്‍, ശ്രീകോവിലില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരിന്ന മാല ഉള്‍പ്പെടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും രണ്ടു ലക്ഷത്തി നാല്‍പതിനായിരം രൂപയും നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

ശ്രീകോവിലില്‍ നിന്ന് പത്തുപവനോളവും ബാക്കി ജീവതയില്‍ പിടിപ്പിക്കുന്ന സ്വര്‍ണവുമാണ് അപഹരിച്ചത്. ജീവത പുതുക്കുന്നതിന്റെ ഭാഗമായാണ് ഇതില്‍ ഘടിപ്പിച്ചിരുന്ന സ്വര്‍ണ കുമിളകള്‍ ഉള്‍പ്പടെയുള്ള രൂപങ്ങള്‍ അഴിച്ചു ദേവസ്വം ഓഫീസില്‍ വെച്ചത്. ഓഫീസിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. വഴിപാട് കൗണ്ടറിന്റെതാഴും തല്ലിത്തുറന്നു. ഇവിടെ നിന്നാണ് ഇരുപതിനായിരം രൂപയോളം നഷ്ടമായത്.