സില്‍വര്‍ലൈന്‍ തട്ടിക്കൂട്ടിയ പദ്ധതി; ഡിപിആര്‍ ഇപ്പോഴും രഹസ്യം; മുഖ്യമന്ത്രിയുടേത് ചരിത്രനായകനാകാനുള്ള ശ്രമം: വിമര്‍ശനവുമായി വി ഡി സതീശന്‍

പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കൊച്ചി: സില്‍വര്‍ലൈന്‍ തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിസ്ഥിതി, സാമൂഹകാഘാത പഠനങ്ങള്‍ നടത്തിയിട്ടില്ല. പദ്ധതിയുടെ ഡിപിആര്‍ ഇപ്പോഴും രഹസ്യമാക്കി വെക്കുന്നു. പ്രതിപക്ഷം ഉന്നയിച്ചത് ജനങ്ങളുടെ ആശങ്കയാണ്. പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. 

പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത് വിശദമായി പഠിച്ചശേഷമാണ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ പഠനം നടത്തി, പബ്ലിക് ഹിയറിങ്ങ് നടത്തി. കെ റെയില്‍ അടക്കമുള്ളവരുമായും ചര്‍ച്ച ചെയ്തു. ഇതിനുശേഷം ഡോക്കുമെന്റ് തയ്യാറാക്കി യുഡിഎഫില്‍ കൊണ്ടുവന്നു. യുഡിഎഫും ചര്‍ച്ച ചെയതാണ് നിലപാട് സ്വീകരിച്ചത്. 

കെ റെയില്‍ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. എന്നിട്ടും സര്‍ക്കാര്‍ മറുപടി പറയാന്‍ തയ്യാറായില്ല. രണ്ടു മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമായില്ല. പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഞ്ചു പ്രധാന ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാന്‍ തയ്യാറായിട്ടില്ല. പകരം പദ്ധതിയിലും വര്‍ഗീയത കലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ശാസ്ത്രസാഹിത്യപരിഷത്ത് മതതീവ്രവാദ സംഘടനയാണോ ?

പദ്ധതിക്കെതിരെ രംഗത്തുള്ളത് ജമാ അത്ത് ഇസ്ലാമി പോലുള്ള സംഘടനകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഇടതുപക്ഷ സഹയാത്രികര്‍ പോലും ആശങ്കയുമായി രംഗത്തു വന്നിട്ടുണ്ട്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞില്ലേ, പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണമെന്ന്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ലേ പ്രകാശ് ബാബു പറഞ്ഞത്. സിപിഎം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ രംഗത്തു വന്നില്ലേ. ശാസ്ത്രസാഹിത്യപരിഷത്ത് മതതീവ്രവാദ സംഘടനയാണോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയട്ടെ. 

സില്‍വര്‍ ലൈനില്‍ എന്ത് വര്‍ഗീയത ?

സില്‍വര്‍ ലൈനില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സില്‍വര്‍ലൈനില്‍ വരെ വര്‍ഗീയത കൊണ്ടുവന്ന് ചേരിതിരിക്കാന്‍ നോക്കുകയാണ്. ഇതെല്ലാം നാടകങ്ങളാണ്. വര്‍ഗീയത കലര്‍ത്തിയാല്‍ പ്രതിപക്ഷം രംഗം വിട്ടുപോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സില്‍വര്‍ലൈനില്‍ എന്ത് ജമാ അത്തെ ഇസ്ലാമി?. യുഡിഎഫ് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ വര്‍ഗീയത കുത്തിവെക്കാന്‍ ഭരണകൂടവും ഭരിക്കുന്ന പാര്‍ട്ടിയും ശ്രമിക്കുകയാണ്. 

യുഡിഎഫ് സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന വില്ലേജുകളിലെല്ലാം ഇരകളെ ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് കേരളത്തിലെ വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമല്ലേ. ഞങ്ങളെന്തിന് ബിജെപിയോ മറ്റ് ആളുകളുമായി ചേര്‍ന്നോ സമരം നടത്തണം. സോളാര്‍ വിഷയത്തില്‍ സിപിഎമ്മല്ലേ ബിജെപിയുമായി ചേര്‍ന്ന് സമരം നടത്തിയതെന്നും വി ഡി സതീശന്‍ ചോദിച്ചു. ചരിത്ര നായകനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ ദുരന്തനായകനായി പിണറായി വിജയൻ മാറുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com