'ഫ്യൂഡല്‍ മാടമ്പി'; കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം, കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം: ശിവന്‍കുട്ടി

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരനെന്ന് ശിവന്‍കുട്ടി
വി ശിവന്‍കുട്ടി, കെ മുരളീധരന്‍
വി ശിവന്‍കുട്ടി, കെ മുരളീധരന്‍

തിരുവനന്തപുരം: കെ മുരളീധരന്‍ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കോവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ കെ മുരളീധരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
'എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റെത്' എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. 

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരനെന്ന് ശിവന്‍കുട്ടി പറഞ്ഞു.  പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടിയില്‍ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുന്‍ കെ പി സി സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഉണ്ട്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നില്‍ക്കുകയാണ് കെ മുരളീധരന്‍ അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം എന്നും ശിവന്‍കുട്ടി പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമര്‍ശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ ആവാത്തതിന്റെ കൊതിക്കെറുവ് മേയര്‍ക്ക് മേല്‍ തീര്‍ക്കാന്‍ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോണ്‍ഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com