നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങി വി ഫോര്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു ; കൊച്ചിയില്‍ നിപുന്‍ ചെറിയാന്‍ സ്ഥാനാര്‍ത്ഥി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 10:59 AM |
Last Updated: 02nd February 2021 10:59 AM | A+A A- |
നിപുന്‍ ചെറിയാന്‍ / ഫയൽ
കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കൊച്ചി കോര്‍പ്പറേഷനിലേക്ക് മല്‍സരിച്ച സംഘടനയായ വി ഫോര്‍ കൊച്ചി. വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി എന്ന പേരിലായിരിക്കും നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക.
വിഫോര്‍ കേരള ക്യാംപെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‍ ആയിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥിയെന്നും നേതാക്കള്‍ അറിയിച്ചു.
ഉദ്ഘാടനത്തിനു മുന്‍പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ അറസ്റ്റിലായി വിവാദത്തിലായ വ്യക്തിയാണ് നിപുന്‍ ചെറിയാന്‍. വിഫോര്‍ കൊച്ചി എന്ന പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ കാഴ്ച വച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് വിഫോര്‍ നിയമസഭയിലേക്ക് അങ്കത്തിനിറങ്ങുന്നത്.
കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് വി ഫോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് കേരളമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും, എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും വി ഫോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി കോര്‍പറേഷനില്‍ ഇരുപതോളം ഡിവിഷനുകളില്‍ മല്‍സരിച്ച് പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോര്‍ കൊച്ചി ജയപരാജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.