98 ദിവസം ജയിലില്‍, വന്‍ രാഷ്ട്രീയ വിവാദം; ഒടുവില്‍ ശിവശങ്കറിനു മോചനം

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ കള്ളക്കടത്തു കേസില്‍ പ്രതിസ്ഥാനത്തു വന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്
ശിവശങ്കര്‍ ജയിലിനു പുറത്തേക്ക്/ടെലിവിഷന്‍ ദൃശ്യം
ശിവശങ്കര്‍ ജയിലിനു പുറത്തേക്ക്/ടെലിവിഷന്‍ ദൃശ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് അദ്ദേഹം കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തെത്തിയത്. 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കഴിഞ്ഞത്.

രാവിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതി ശിവശങ്കറിനു ജാമ്യം അനുവദിച്ചിരുന്നു. ഉച്ചയോടെ ഉത്തരവ് ജയിലില്‍ എത്തിച്ചു. പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ മടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ കള്ളക്കടത്തു കേസില്‍ പ്രതിസ്ഥാനത്തു വന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ കേന്ദ്രമാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കള്ളക്കടത്തു കേസില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണ്. 

ശിവശങ്കറിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന്, ശിവശങ്കറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സിജെഎം കോടതി നിരീക്ഷിച്ചു.

അന്വേഷണ പുരോഗതി കണക്കിലെടുത്താണ് ശിവശങ്കറിനു ജാമ്യം അനുവദിക്കുന്നതെന്ന് ത്. ശിവശങ്കറിനെ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ല. ശിവശങ്കറിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി പരാമര്‍ശവും കണക്കിലെടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണമാണ്. ഡോളര്‍ കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവുണ്ടെന്നാണ് സാക്ഷിമൊഴികള്‍. ഇതു സര്‍ക്കാരിനെ അറിയിക്കാതിരുന്നത് ഗൗരവത്തോടെ കാണണം. ശക്തമായ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ അനുവദിച്ചത്.  എല്ലാ ആഴ്ചയിലും അന്വേഷണ ഉദോയഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. 

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. 
എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിനു ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com