കാറിനെ സഞ്ചരിക്കുന്ന ബാർ ആക്കി; ഫോൺ ചെയ്ത് ‘റോങ് നമ്പർ’ എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 09:01 AM |
Last Updated: 04th February 2021 09:01 AM | A+A A- |
ഫയൽ ചിത്രം
തൃശൂർ: കാറിൽ സഞ്ചരിച്ച് മദ്യ വിൽപ്പന നടത്തിയിരുന്ന ആൾ ഒടുവിൽ എക്സൈസിന്റെ പിടിയിലായി. 65 കുപ്പി മദ്യവുമായി പട്ടിക്കാട് കമ്പനിപ്പടി മണ്ടൻച്ചിറ പാലാട്ടിക്കുന്നേൽ ജോർജ് (50) ആണ് അറസ്റ്റിലായത്.
കാറിനെ സഞ്ചരിക്കുന്ന ബാറാക്കി മാറ്റിയ ഇയാൾ ‘റോങ് നമ്പർ’ എന്ന കോഡ് വാക്ക് ഉപയോഗിച്ച് ഫോണിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി മദ്യവിൽപന നടത്തുന്നത്. ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം അതേ കോഡ് ഉപയോഗിച്ചു വിളിച്ചു തന്ത്രപരമായി ജോർജിനെ കുടുക്കുകയായിരുന്നു.
ഫോണിൽ വിളിച്ച് ഓർഡർ നൽകുന്നവർക്കു മദ്യം വീട്ടിലെത്തിച്ചു കൊടുക്കുകയാണ് ജോർജിന്റെ രീതി. വിവിധ ബ്രാൻഡുകളിലായി 35.5 ലിറ്റർ മദ്യം ജോർജിന്റെ കാറിൽ നിന്ന് എക്സൈസ് കണ്ടെടുത്തു. അര ലിറ്റർ വീതമുള്ള 59 കുപ്പികളും ഒരു ലിറ്റർ വീതമുളള 6 കുപ്പികളും ഉണ്ടായിരുന്നു.
ഡ്രൈ ഡേ ദിവസങ്ങളിലാണു മദ്യ വിൽപന കൂടുതലും നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫിസർ സിയു ഹരീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.