ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാൻ ഇറങ്ങി നിധി; തീരങ്ങളും പർവതങ്ങളും തേടി ഒരു പെണ്ണ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 08:37 PM |
Last Updated: 06th February 2021 08:50 PM | A+A A- |
നിധി ശോശ കുര്യൻ /ചിത്രം:ഫേസ്ബുക്ക്
''യാത്രികയാണ്. അതിനപ്പുറത്തേക്ക് എനിക്ക് എന്നെ അടയാളപ്പെടുത്താനറിയില്ല'', കോട്ടയം സ്വദേശി നിധി ശോശ കുര്യൻ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ. അറുപത് ദിവസം ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ചുറ്റി സഞ്ചരിക്കാൻ യാത്ര പുറപ്പെടുകയാണ് നിധി. നാളെ രാവിലെ ഏഴ് മണിക്ക് കലൂർ സ്റ്റേഡിയത്തിൽ നിന്നു ആരംഭിക്കുന്ന യാത്ര ചായ വിറ്റ് ലോകം ചുറ്റിക്കണ്ട മോഹന-വിജയൻ ദമ്പതികൾ ഫ്ലാഗ് ഓഫ് ചെയ്യും.
കൊച്ചിയിൽ നിന്നു തീരങ്ങളിലൂടെ സഞ്ചരിച്ച് പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, ഗുണ്ടൂർ, വിജയവാഡ, വിശാഖപട്ടണം, പുരി, ഭുവനേശ്വർ, കൽക്കട്ട റൂട്ടിലാണ് ആദ്യം നിധിയുടെ യാത്ര. പിന്നീട് പർവതങ്ങളിലൂടെ കാർ സഞ്ചരിക്കും. ഹിമാലയഭാഗങ്ങളിലൂടെ ഉത്തരേന്ത്യ ചുറ്റിക്കറങ്ങി ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തും. മുംബൈ, പൂനെ, കണ്ണൂർ, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ യാത്ര അവസാനിക്കും. ആകെ 64 ദിവസത്തേക്കുള്ള യാത്രയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നിധി പൂർത്തിയാക്കിയിട്ടുണ്ട്.
'ദ ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയ്ക്ക് കേരളാ ടൂറിസത്തിന്റെ പിന്തുണയുമുണ്ട്. താമസിക്കാനുള്ള സ്ഥലങ്ങളും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളുമെല്ലാം സജ്ജീകരിച്ചാണ് യാത്ര ആരംഭിക്കുന്നത്. കോവിഡ് കാലമായതുകൊണ്ടുതന്നെ മുൻകരുതലെന്നോണം ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങൾ കാറിൽ കൂടെ കൊണ്ടു പോകുന്നുണ്ട്. കിടന്നുറങ്ങാൻ റോളിങ് ബെഡ്, അത്യാവശ്യം ഉപയോഗിക്കാൻ ടെൻറ് തുടങ്ങിയവയും നിധിയുടെ കാറിലുണ്ടാകും.
കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്ന നിധിക്ക് യാത്രകൾ പുതിയ അനുഭവമല്ല. ഇത്രയും കാലം അവഞ്ചർ ബൈക്കിൽ ചുറ്റിയെങ്കിൽ ഇക്കുറി കാർ എന്നുമാത്രം. ഒരു ഫ്രീലാൻസ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് കൂടിയാണ് നിധി.