കത്വ കേസ്: കേരളത്തിൽ നിന്ന് ഒരു രൂപപോലും കിട്ടിയിട്ടില്ലെന്ന് ദീപിക സിങ്; യൂത്ത്‌ലീഗ് പണപ്പിരിവ് വീണ്ടും വിവാദത്തിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 12:44 PM |
Last Updated: 07th February 2021 12:44 PM | A+A A- |

ഫയൽ ചിത്രം
കോഴിക്കോട്: കത്വ ബലാത്സംഗ കേസിൽ കുടുംബത്തിന് നിയമസഹായം ഒരുക്കുന്നതിനായി കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്. കത്വ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞിരുന്നു. എന്നാൽ പണം നൽകിയെന്ന് പറയുന്ന അഭിഭാഷകൻ മുബീൻ ഫറൂഖിക്കിന് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് പറഞ്ഞു.
കേസ് പൂർണ്ണമായും താൻ സൗജന്യമായിട്ടാണ് നടത്തുന്നതെന്നും കേരളത്തിൽ നിന്ന് യാതൊരു പണവും ലഭിച്ചിട്ടില്ലെന്നുമാണ് ദീപിക സിങ് പ്രതികരിച്ചത്. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
കത്വ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പണപ്പിരിവിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നേതൃത്വം വാർത്താസമ്മേളനം നടത്തി വിശദീകരിച്ചത്. പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു ഇവർ പറഞ്ഞത്.