'അവര്‍ ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍'; പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ മാറ്റം വരുത്തണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 07:41 PM |
Last Updated: 07th February 2021 07:41 PM | A+A A- |
പിണറായി വിജയൻ / ഫയൽ ചിത്രം
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെന്‍സിറ്റിവ് ) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപecoനത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഈ മേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് വിജ്ഞാപനത്തില്‍ ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ 2020 ജനവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉള്‍പ്പെടുത്തിയത്.
പരിസ്ഥിതി ലോല മേഖലകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതു കണക്കിലെടുത്ത് തോല്‍പ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കന്‍മൂല, ചാലിഗഡ, കാപ്പിസ്‌റ്റോര്‍, ചീയാമ്പം, മൂടക്കൊല്ലി, ചീരാല്‍ എന്നീ പ്രദേശങ്ങള്‍ ഒഴിവാക്കണം.
ജീവിക്കാന്‍ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളില്‍ അധിവസിക്കുന്നതെന്ന് കൂടി കണക്കിലെടുത്ത് കരടു വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വനം പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.