'വിദേശത്തു നിന്നു പണം പിരിച്ച് കലാപത്തിന് ഉപയോഗിച്ചു'; സിദ്ധിഖ് കാപ്പനെതിരെ ഇഡി കുറ്റപത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 10:24 AM |
Last Updated: 10th February 2021 10:24 AM | A+A A- |

സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
കൊച്ചി: പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിനും ഡല്‍ഹി കലാപത്തിനും സഹായം നല്‍കാന്‍, മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷരീഫും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തുനിന്ന് ഫണ്ട് ശേഖരണം നടത്തിയതായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സിദ്ധീഖ് കാപ്പനും റൗഫിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ ഇഡി ലക്‌നൗ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹാഥ്‌രസിലേക്കുള്ള മാര്‍ഗമധ്യേ മൂന്നു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യുപി പൊലീസ് ആണ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. റൗഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.
അതീഖുര്‍ റഹ്മാന്‍, മൂദ് ആലം, മുഹമ്മദ് ആലം എന്നിവരാണ് റൗഫിനും കാപ്പനും പുറമേ കേസിലെ പ്രതികള്‍. ഇവര്‍ വിദേശത്തുനിന്നു സ്വീകരിച്ച പണം സിഎഎ സമരത്തിനും ഡല്‍ഹി കലാപത്തിനുമായി ഉപയോഗിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിദേശത്തുള്ള പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി റൗഫ് ഗൂഢാലോചന നടത്തി ഫണ്ട് സമാഹരണം നടത്തുകയായിരുന്നു. ഈ പണം സിഐഎ സമരത്തിനും ഡല്‍ഹി കലാപത്തിനുമായി ഉപയോഗിച്ചു. സമുദായത്തില്‍ സ്പര്‍ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഈ പണം വിനിയോഗിക്കുന്നതിനു വേണ്ടിയാണ് കാപ്പനും മറ്റുള്ളവരും ഹാഥ്‌രസിലേക്കു തിരിച്ചതെന്നും കുറ്റപത്രം പറയുന്നു.