ശമ്പളത്തിന്റെ പകുതി ലോട്ടറിയെടുക്കാന്‍ മാറ്റിവയ്ക്കും; എടുത്തത് 42 ടിക്കറ്റുകള്‍; കാരുണ്യയുടെ 80ലക്ഷത്തിന്റെ ഭാഗ്യം കടാക്ഷിച്ചത് ബംഗാള്‍ സ്വദേശിയെ

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 486-ാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് ബംഗാള്‍ സ്വദേശിയെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 486-ാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് ബംഗാള്‍ സ്വദേശിയെ. പറവൂരില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന സാബിര്‍ ആലം (28)എന്നയാള്‍ക്കാണ് 80ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയത്. 

കഴിഞ്ഞ ഏഴുവര്‍ഷമായി ആലം കേരളത്തിലുണ്ട്. ശമ്പളം കിട്ടുന്നതില്‍ പകുതി തുക ലോട്ടറി എടുക്കാനായി മാറ്റിവയ്ക്കുന്ന ആലമിനെ തേടി ഇത്തവണ ഭാഗ്യം എത്തി. 

പറവൂര്‍ കെ എം കെ ജങ്ഷനിലുള്ള ഹോട്ടലുകളിലാണ് രണ്ടുവര്‍ഷമായി സാബിര്‍ ജോലി ചെയ്യുന്നത്. കെ എം കെ ജങ്ഷന് സമീപം നടന്ന് ടിക്കറ്റ് വില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശിവരാമനില്‍ നിന്നാണ് 42 ടിക്കറ്റുകള്‍ എടുത്തത്. അതില്‍ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. പകലും രാത്രിയും രണ്ട് ഹോട്ടലുകളില്‍ ജോലി ചെയ്താണ് സാബിര്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. നാല് സഹോദരന്‍മാരും മൂന്ന് സഹോദരിമാരുമുണ്ട്. ആറുമാസം കൂടി കേരളത്തില്‍ ഹോട്ടല്‍ ജോലി തുടരാനാണ് സാബിറിന്റെ ആലോചന. ശേഷം നാട്ടില്‍ എത്തി ഒരു ഹോട്ടല്‍ തുടങ്ങാനും വീട് വയ്ക്കാനും ആഗ്രഹമുണ്ട്. 

കാരുണ്യയുടെ ജനുവരി 30ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയതും ഒരു അതിഥി തൊഴിലാളിക്കാണ് കൊയിലാണ്ടിയില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ നാല്‍പ്പതുകാരന്‍ മുഹമ്മദ് സായിദിനാണ് അമ്പത് ലക്ഷം രൂപ ലഭിച്ചത്. സമ്മാനം ലഭിച്ചതറിഞ്ഞ് ടിക്കറ്റുമായി ഇയാള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത് വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com