ന​​ഗരസഭകളിലേയും  കോർപറേഷനുകളിലേയും കെട്ടിട നികുതി കൂട്ടി; വീടുകൾ മുതൽ സിനിമ തിയേറ്ററുകൾക്ക് വരെ ബാധകം

ന​​ഗരസഭകളിലേയും  കോർപറേഷനുകളിലേയും കെട്ടിട നികുതി കൂട്ടി; വീടുകൾ മുതൽ സിനിമ തിയേറ്ററുകൾക്ക് വരെ ബാധകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കടമെടുപ്പ് പരിധി വർധിപ്പിക്കാൻ വേണ്ടി സംസ്ഥാനത്ത് ന​​ഗരസഭകളിലേയും കോർപറേഷനുകളിലേയും വസ്തു നികുതി (കെട്ടിട നികുതി) കൂട്ടി സർക്കാർ ഉത്തരവ്. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് വർധന. 

നിലവിൽ കെട്ടിടങ്ങളുടെ തറ വിസ്തീർണം, സമീപത്തെ റോഡ്, കാലപ്പഴക്കം എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലാണ് വസ്തു നികുതി നിർണയിക്കുന്നത്. ഇതിന്റെ കൂടെ ഭൂമിയുടെ ന്യായ വില എന്ന മാനദണ്ഡം കൂടി കണക്കാക്കുമ്പോൾ നികുതി കുത്തനെ ഉയരും. വീടുകൾ മുതൽ സിനിമാശാലകൾ‌ വരെയുള്ളവയ്ക്ക് വർധന ബാധകമാകും. 

ന്യായ വില അടിസ്ഥാനമാക്കി നിരക്ക് നിശ്ചിക്കുമ്പോൾ വലുതും ചെറുതുമായ വിസ്തീർണമുള്ള ഭൂമിയിലും നിർമിച്ചിട്ടുള്ള ഒരേ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് വ്യത്യസ്ത നിരക്ക് നികുതിയായി അടയ്ക്കേണ്ടി വരും. അതായത് 1000 ചതുരശ്ര മീറ്റർ ഉള്ള കെട്ടിടത്തിന് പത്ത് സെന്റ് ഭൂമിയുടെ നിശ്ചിത ശതമാനം നികുതി  അടച്ചാൽ മതി. എന്നാൽ അതേ പ്ലിന്ത് ഏരിയയുള്ള കെട്ടിടം 20 സെന്റിൽ ആണെങ്കിൽ 20 സെന്റ് ഭൂമിയുടെ നിശ്ചിത ശതമാനം നികുതി അടയ്ക്കേണ്ടി വരാം. 

വാർഷിക നികുതിയിൽ അഞ്ച് ശതമാനമോ ഉപഭോക്തൃ സൂചികയിലെ വർധനയോ ഏതാണോ കുറവ് അതായിരിക്കും രണ്ടാമത്തെ വർഷം മുതലുള്ള മാനദണ്ഡമെന്നും ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കു ഈ സാമ്പത്തിക വർഷം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം അധികം വായ്പ അനുവദിക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണു നിരക്ക് വർധന. അതേസമയം കടമെടുപ്പിനായി നികുതിയുടെ മാനദണ്ഡത്തിൽ ന്യായ  വില കൂടി ഉൾപ്പെടുത്താൻ മാത്രമാണു നിർദ്ദേശമെന്നും നിരക്കു വർധന ഉദ്ദേശിച്ചില്ലെന്നുമാണ് സർക്കാർ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com