ചോലനായ്ക്കരിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി രാജിവച്ചു, സുധീഷിനെ ഇനി പൊലീസ് വേഷത്തിൽ കാണാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 07:57 AM |
Last Updated: 20th February 2021 08:00 AM | A+A A- |
സുധീഷ്/ ഫേസ്ബുക്ക്
നിലമ്പൂർ; ചോലനായ്ക്കരിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സി സുധീഷ് രാജിവെച്ചു. പൊലീസിൽ നിന്ന് നിയമം ലഭിച്ചതോടെയാണ് സുധീഷ് സ്ഥാനം ഒഴിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി ഡി ഒ. കെ പി മുഹമ്മദ് മുഹ്സിന് രാജി നൽകി.
വനത്തോട് ചേർന്ന് കഴിയുന്ന വിഭാഗക്കാർക്കായി പിഎസ് സി നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്. റാങ്ക് പട്ടികയിൽ രണ്ടാമതായിരുന്നു സുധീഷ്. നിയമനം ലഭിച്ചതോടെയാണ് പാർട്ടിയുടെ അനുമതിയോടെ രാജി സമർപ്പിച്ചത്. രാജി ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തതായും ബി ഡി ഒ അറിയിച്ചു.
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സുധീഷ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. വനത്തിനുള്ളിലെ അളയ്ക്കൽ കോളനിയിലെ അംഗമായ സുധീഷ് വഴിക്കടവ് ഡിവിഷനിൽ നിന്നാണ് ജനവിധി തേടിയത്. തുടർന്ന് 1096 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ജോലി കിട്ടിയാൽ അത് തെരഞ്ഞെടുക്കുമെന്ന് സ്ഥാനാർഥിയാകുന്ന സമയത്ത് തന്നെ സുധീഷ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു.ആദിവാസി വിഭാഗത്തിന്റെയും ചോലനായ്ക്കരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീഷ് തിരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്.