കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടിത്തം വേണ്ടെന്ന് ചെന്നിത്തല; തര്‍ക്കം

പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം
മാണി സി കാപ്പന്‍/ഫയല്‍
മാണി സി കാപ്പന്‍/ഫയല്‍

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. എന്നാല്‍ ഏതു വിധത്തിലും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. 

കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് കാപ്പനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മറനീക്കിയത്. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കട്ടെയെന്നു നേരത്തെ തന്നെ മുല്ലപ്പള്ളി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഈ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നാണ്, തെരഞ്ഞെടുപ്പു സമിതി യോഗത്തിലുള്ള ചര്‍ച്ച നല്‍കുന്ന സൂചന.

കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുന്ന സാഹചര്യം വരുമെന്ന് മുല്ലപ്പള്ളി പറയുന്നു. ഇത് കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിനു ഗുണകരമാവും. ഘടകകക്ഷിയായാണ് കാപ്പനും കൂടെയുള്ളവരും വരുന്നതെങ്കില്‍ കൂടുതല്‍ സീറ്റു നല്‍കേണ്ടിവരുമെന്നും ഇതു കോണ്‍ഗ്രസിനു ക്ഷീണമാവുമെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം.

അതേസമയം കോണ്‍ഗ്രസില്‍ ചേരുക എന്ന നിര്‍ബന്ധത്തില്‍ ഉറച്ചുനില്‍ക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഏതു വിധത്തിലും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടത്. അവരുടെ പക്ഷത്തുള്ള കൂടുതല്‍ പേരെ യുഡിഎഫിനൊപ്പം കൊണ്ടുവരുന്നത് യുഡിഎഫിനു ഗുണകരുമാവുമെന്ന് ചെന്നിത്തല പറയുന്നു.

കാപ്പന്റെ കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതനുസരിച്ച് വിഷയം മാറ്റിവച്ചു.

പന്ത്രണ്ടു സീറ്റ് വേണമെന്ന പിജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പു സമിതിയില്‍ നേതാക്കള്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com