കർഷകർക്ക് മാസം 5000 രൂപ പെൻഷൻ, വിശദാംശങ്ങൾ അറിയാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 10:00 AM |
Last Updated: 22nd February 2021 10:00 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന കർഷക ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് അടിസ്ഥാന പെൻഷൻ തുക 5000 രൂപയായി നിശ്ചയിച്ചു. കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷന് അർഹത. കർഷകർ ഒടുക്കിയ അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പെൻഷൻ തുക തീരുമാനിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കർഷക ക്ഷേമനിധി സംവിധാനം നടപ്പിലാകുന്നത്.
പ്രതിമാസം കുറഞ്ഞത് നൂറ് രൂപ വീതമാണ് അംഗങ്ങൾ അടയ്ക്കണ്ടത്. അംഗം അടയ്ക്കുന്നതിന് ആനുപാതികമായ തുക സർക്കാർ വിഹിതമായി നൽകും, പരമാവധി 250 രൂപയാണ് സർക്കാർ നൽകുന്ന വിഹിതം. 18 വയസ്സ് പൂർത്തിയായാൽ ക്ഷേമനിധിയിൽ അംഗമാകാൻ അവസരം ലഭിക്കും. 56 വയസ്സ് പൂർത്തിയായവർക്ക് നിബന്ധനകൾക്ക് വിധേയമായി 65 വയസ്സ് വരെ അംഗമാകാൻ അവസരമുണ്ട്.
പെൻഷൻ കൂടാതെ ഇൻഷുറൻസ് പരിരക്ഷ , അംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ, അനാരോഗ്യ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വനിതകളായ അംഗങ്ങൾക്ക് വിവാഹാനുകൂല്യം എന്നിവയ്ക്കും അർഹതയുണ്ടാകും. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് പെൻഷന് അർഹതയുണ്ടാകുക. ഏലം, കാപ്പി, റബ്ബർ, തേയില എന്നീ തോട്ടവിളകളുടെ കാര്യത്തിൽ ഏഴര ഏക്കറിൽ കൂടുതൽ സ്ഥലം കൈവശം വയ്ക്കുന്നവർക്ക് ക്ഷേമനിധിയിൽ ചേരാനാവില്ല.