'ലോകത്തിന് മുഴുവന്‍ മനസ്സിലായി; പക്ഷേ ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് കര്‍ഷകരുടെ വേദന മനസ്സിലായില്ല'; വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി വയനാട്ടില്‍ ആരംഭിച്ചു.
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ എഎന്‍ഐ
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ എഎന്‍ഐ

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി വയനാട്ടില്‍ ആരംഭിച്ചു. മാങ്ങാട് മുതല്‍ മുട്ടില്‍ വരെ ദേശീയ പാതയിലൂടെ മൂന്നു കിലോമീറ്ററാണ് രാഹുലിന്റെ ട്രാക്ടര്‍ റാലി. 

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. കര്‍ഷകരുടെ കയ്യില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍ പൂഴ്ത്തിവയ്ക്കും. 

'കാര്‍ഷിക മേഖലക കയ്യടക്കാന്‍ നോക്കുന്ന മോദിയുടെ അടുപ്പക്കാരായ രണ്ടുമൂന്നുപേര്‍ക്ക് വേണ്ടി മാത്രമാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത്. 
ലോകം മുഴുവന്‍ കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കുന്നു. പക്ഷേ, ഡല്‍ഹിയിലിരുന്ന ഇന്ത്യ  ഭരിക്കുന്നവര്‍ക്ക് കര്‍ഷകരുടെ വേദന മനസ്സിലാകുന്നില്ല. പോപ് സ്റ്റാറുകള്‍ വരെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റിന് അത് താത്പര്യമില്ല'-രാഹുല്‍ പറഞ്ഞു.

'കര്‍ഷകന് വിലയെ കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ കോടതികളെ സമീപിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു അവസ്ഥയെ കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ, കര്‍ഷകരുടെ നിയമപരായ അവകാശങ്ങള്‍ പോലും പൂര്‍ണമായും റദ്ദാക്കുകയാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുന്നത്. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ട്രാക്ടറുമായി ഞങ്ങള്‍ കേരളത്തിലും എത്തിയത്. നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളുടെ കാല്‍ക്കീഴില്‍  രാജ്യത്തെ അടിയറവു വയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല'-രാഹുല്‍ പറഞ്ഞു.
 

രാഹുലിന്റെ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ വീഡിയോ: ടി പി സൂരജ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com