അതികായന്‍മാര്‍ ഏറ്റുമുട്ടിയ ആറ്റിങ്ങലില്‍ യുവരക്തം; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെ ഇറക്കാന്‍ സിപിഎം?

അതികായന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി ശീലമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത്തവണ പുതുമുഖത്തെ ഇറക്കാന്‍ എല്‍ഡിഎഫ് 
വി എ വിനീഷ്/ഫെയ്‌സ്ബുക്ക്‌
വി എ വിനീഷ്/ഫെയ്‌സ്ബുക്ക്‌

തികായന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി ശീലമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത്തവണ പുതുമുഖത്തെ ഇറക്കാന്‍ എല്‍ഡിഎഫ്. രണ്ടുതവണ മത്സരിച്ച സിറ്റിങ് എംഎല്‍എ ബി സത്യനെ മാറ്റി,പകരം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനേഷിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായാണ് സൂചന. 

തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് എംഎല്‍എമാര്‍ക്ക് ഒരുതവണ കൂടി അവസരം നല്‍കാന്‍ ആലോചിക്കുന്ന എല്‍ഡിഎഫ്, ബി സത്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

എംഎല്‍എയ്ക്ക് എതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങള്‍, തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം കണക്കുകൂട്ടുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തന്നെയുള്ള യുവ നേതാവ് എന്നത് വിനേഷിനെ പരിഗണിക്കുന്നതില്‍ മുന്‍തൂക്കം നല്‍കുന്നു. 

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണെങ്കിലും യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി സ്വീകരിച്ചിട്ടുണ്ട് ആറ്റിങ്ങല്‍. ആര്‍ ശങ്കറിനെ മലര്‍ത്തിയടിച്ച അനിരുദ്ധന്‍, കാട്ടായിക്കോണം ശ്രീധര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി ജില്ലയിലെ അതികായന്‍മാരാണ് സിപിഎമ്മിന് വേണ്ടി ആറ്റിങ്ങലില്‍ കളത്തിലിറങ്ങിയിട്ടുള്ളത്. വക്കം പുരുഷോത്തനും (നാലു തവണ തുടര്‍ച്ചയായ്) ടി ശരത് ചന്ദ്രപ്രസാദിനുമൊപ്പം യുഡിഎഫിനെ വിജയിപ്പിച്ച ചരിത്രവും ആറ്റിങ്ങലിനുണ്ട്.

2016ല്‍ ബി സത്യന് 72,808വോട്ടാണ് ലഭിച്ചത്. യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ ആര്‍എസ്പിയുടെ ചന്ദ്രബാബുവിന് 32,425വോട്ടും ബിജെപിയുടെ രാജി പ്രസാദിന് 27,602വോട്ടും ലഭിച്ചു. 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശന വിഷയം എല്‍ഡിഎഫിനെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ച മണ്ഡലം കൂടിയാണ് ആറ്റിങ്ങല്‍. അതുകൊണ്ടുതന്നെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. 

ആറ്റിങ്ങല്‍ മുന്‍സിപാലിറ്റി, ചെറുന്നിയൂര്‍, കരവാരം, കിളിമാനൂര്‍, മണമ്പൂര്‍ ഒട്ടൂര്‍, പഴയകുന്നുംമേല്‍, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com