സംസ്ഥാനത്ത് വേനല്‍ കനക്കുന്നു ; വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ഇക്കുറി ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം :സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം മാറി. 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ചൂട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രചവനം. 

കേരളത്തില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ ദിനാന്തരീക്ഷ താപനില. പാലക്കാട് തുടര്‍ച്ചയായ മൂന്നാം ദിവസവും വേനല്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സാധാരണയായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 കടക്കാറുള്ളത്. 

ഇക്കുറി ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണുള്ളത്. മുന്‍വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് പാലക്കാട് രേഖപ്പെടുത്തിയ 41 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും 40 ഡിഗ്രി വരെ എത്തിയിരുന്നു ദിനാന്തരീക്ഷ താപനില.

ചൂട് കൂടുന്നത് കണക്കിലെടുത്ത് പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  ജോലി സമയം പുനഃക്രമീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com