രാഹുല്‍ നല്ല ടൂറിസ്റ്റ്, കടലില്‍ നീന്തി ശീലിച്ചയാള്‍; എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്?: കടന്നാക്രമിച്ച് പിണറായി 

ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരാടുന്ന സ്ഥലങ്ങളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകുന്നില്ല എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിവൈഎഫ്‌ഐ യുവ മഹാസംഗമത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു
ഡിവൈഎഫ്‌ഐ യുവ മഹാസംഗമത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരാടുന്ന സ്ഥലങ്ങളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകുന്നില്ല എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരാടുന്ന സ്ഥലങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറുന്ന പ്രവണത എന്തുകൊണ്ട്?, പുതുച്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്തുറോളാണ് വഹിച്ചതെന്നും പിണറായി വിജയന്‍ ചോദിച്ചു. ശംഖുമുഖത്ത് ഡിവൈഎഫ്‌ഐ യുവ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ കടന്നാക്രമിച്ചത്.

ബിജെപിയും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്ന ഏതെങ്കിലും സ്ഥലത്ത് രാഹുല്‍ ഗാന്ധി പോകുന്നുണ്ടോ?, ഗോവയില്‍ എന്തു റോളാണ് വഹിച്ചത്?, മണിപ്പൂര്‍, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ് ഒടുവില്‍ പുതുച്ചേരി. ഇവിടങ്ങളിലെല്ലാം എന്തുകൊണ്ടാണ് രാഹുലിന്റെ സ്വരം കേള്‍ക്കാത്തത്?. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് രാഹുല്‍ സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

രാഹുല്‍ നല്ല ടൂറിസ്റ്റാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റായി പോയി.ചില കടല്‍ വലിയ ശാന്തമാണ്. ശംഖുമുഖത്തും വന്നു. ശംഖുമുഖത്ത് കടല്‍ അത്ര ശാന്തമല്ല. കടലില്‍ നീന്തി ശീലിച്ച ആളാണ്. അതുകൊണ്ട് നീന്തി. ശംഖുമുഖത്തും കടല്‍ ശാന്തമാണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ സാധിച്ചു. കടകംപള്ളി സുരേന്ദ്രന്റെ ടൂറിസം വകുപ്പിന് അത് മുതല്‍കൂട്ടായി. എന്നാല്‍ ശംഖുമുഖം അത്ര ശാന്തമായ കടല്‍ അല്ല എന്ന കാര്യം ഓര്‍ക്കണം. എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്. മറ്റൊരു രീതിയില്‍ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നാട്ടുകാരെ ഇങ്ങനെയൊന്നും തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടെന്ന് കരുതിയ ചില മേഖലകളില്‍ പ്രതിപക്ഷത്തിന് വിചാരിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മത്സ്യത്തൊഴിലാളികളെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാമെന്ന് ഇവര്‍ ഗൂഡാലോചന നടത്തി. അതിന്റെ ഫലമായാണ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇംഎംസിസി കമ്പനിയുമായുള്ള ധാരണാപത്രം വിവാദമാക്കിയത്. എന്നാല്‍ വലിയ ജീവിതാനുഭവങ്ങള്‍ ഉള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞതെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com