'ഷെയിം ഓണ്‍ യൂ'; പമ്പരവിഡ്ഢിത്തങ്ങളാണ് പറഞ്ഞത്; നിര്‍മലയ്ക്ക്  മറുപടിയുമായി തോമസ് ഐസക് 

കേരള ബജറ്റില്‍ തുക മുഴുവനും കിഫ്ബിക്ക് നീക്കിവെയ്ക്കുന്നതായുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനത്തിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി
നിര്‍മല സീതാരാമന്‍, തോമസ് ഐസക്‌
നിര്‍മല സീതാരാമന്‍, തോമസ് ഐസക്‌

കൊച്ചി: കേരള ബജറ്റില്‍ തുക മുഴുവനും കിഫ്ബിക്ക് നീക്കിവെയ്ക്കുന്നതായുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനത്തിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. 'ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ തിരിച്ചറിയണമായിരുന്നു. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് അവര്‍ പറഞ്ഞത്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍. ഷെയിം ഓണ്‍ യൂ എന്ന് തുറന്നു പറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്.'- തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കെ സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അത്ഭുതമില്ല. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആള്‍?  അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാന്‍ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവര്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല. ബജറ്റിനു പുറത്തു വിഭവസമാഹരണം നടത്താന്‍ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സിഎജിയുടെ വിമര്‍ശനം. നിര്‍മലാ സീതാരാമന്റെ പക്കലെത്തിയപ്പോള്‍ ആ വിമര്‍ശനം ശീര്‍ഷാസനത്തിലായി.'- ധനമന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പ് ഇങ്ങനെ

കുറിപ്പ്:

ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ തിരിച്ചറിയണമായിരുന്നു. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് അവര്‍ പറഞ്ഞത്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍. ഷെയിം ഓണ്‍ യൂ എന്ന് തുറന്നു പറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്.
സംസ്ഥാന ബജറ്റിനെ കേന്ദ്രധനമന്ത്രി വിമര്‍ശിച്ചതു കണ്ടു. അത്തരമൊരു വിമര്‍ശനത്തെ സ്വാഭാവികമായും ഗൗരവത്തോടെയാണല്ലോ കണക്കിലെടുക്കേണ്ടത്. പക്ഷേ, നിര്‍മ്മലാ സീതാരാമന്റെ വിമര്‍ശനം കേട്ടപ്പോള്‍ ''അയ്യേ'' എന്നാണ് തോന്നിയത്. മുഴുവന്‍ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവത്രേ. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വിമര്‍ശനമാണോ ഇത്? 
കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആള്‍?  അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാന്‍ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവര്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല.
ബജറ്റിനു പുറത്തു വിഭവസമാഹരണം നടത്താന്‍ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സിഎജിയുടെ വിമര്‍ശനം. നിര്‍മ്മലാ സീതാരാമന്റെ പക്കലെത്തിയപ്പോള്‍ ആ വിമര്‍ശനം ശീര്‍ഷാസനത്തിലായി. സര്‍ക്കാരിന്റെ വരവെല്ലാം കിഫ്ബിയ്ക്കു കൊടുക്കുന്നു പോലും. ഈ പ്രസംഗം ആരെഴുതിക്കൊടുത്താലും കേന്ദ്ര ധനകാര്യമന്ത്രിയെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്നു മാത്രമേ പറയാനുള്ളൂ. കുറച്ചുകൂടി നിലവാരവും ഗൗരവമുള്ള സമീപനവും ആ പദവിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി, കേന്ദ്ര ബജറ്റില്‍പ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബജറ്റ് ബോറോയിംഗ് ആയിട്ട് ഇല്ലേ? കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് അല്ല. കേന്ദ്ര ബജറ്റില്‍ കേരളമടക്കമുള്ളവര്‍ക്കു പ്രഖ്യാപിച്ച ഉദാരമായ റോഡ് നിര്‍മ്മാണത്തിനുള്ള തുകയുണ്ടല്ലോ അത് നാഷണല്‍ ഹൈവേ അതോറിറ്റി വായ്പയെടുക്കുന്നതല്ലേ? കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വരവു-ചെലവു കണക്കുകളില്‍ അതൊന്നും വന്നില്ലല്ലോ. അതുപോലൊരു ബോഡി കോര്‍പ്പറേറ്റാണ് കിഫ്ബിയും. കേന്ദ്രത്തിനാവാം, സംസ്ഥാനത്തിനു പാടില്ലായെന്ന നിലപാടുണ്ടല്ലോ അത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. തികച്ചും ഭരണഘടനാപരമാണ് ഈ അവകാശം.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു, അഴിമതിയാണ് എന്നൊക്കെയുള്ള കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. കേരളം എന്താണെന്ന് ആ യോഗത്തില്‍ കൂടിയിരുന്നവര്‍ക്കുപോലും അറിയാം. സ്വന്തം പാര്‍ടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.
ഏതായാലും കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപത്തിനു കാത്തിരിക്കുകയാണ്. എന്നിട്ടാകാം ബാക്കി എഴുത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com