തരൂര്‍ എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നതെന്ന് വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2021 02:34 PM  |  

Last Updated: 03rd January 2021 02:34 PM  |   A+A-   |  

v-muralidharan0

 

ന്യൂഡല്‍ഹി: കേന്ദ്രം അടിയന്തര വിതരണാനുമതി നല്‍കിയ കോവാക്സിനെതിരെ രംഗത്തെത്തിയ ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തരൂര്‍ എന്തിനാണ് വാക്സിന് തടസം നില്‍ക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്സിന് അനുമതി ലഭിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിന് അനുമതി നല്‍കുന്നത് അപക്വവും അപകടകരവുമായ നടപടിയാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉപാധികളോടെയാണ് കോവിഷീല്‍ഡിനും കോവാക്‌സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.