നടിയെ ആക്രമിച്ച കേസ്: അഡ്വ വി എന്‍ അനില്‍കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു
കേസിലെ പ്രതി ദിലീപ്/ഫയല്‍
കേസിലെ പ്രതി ദിലീപ്/ഫയല്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് നിയമനം.  കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നുമുളള പ്രോസിക്യൂഷന്റെയും നടിയുടെയും ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് വിജി അരുണ്‍ പറഞ്ഞു. കോടതിവിധിക്ക് പിന്നാലെയാണ് സുരേശന്‍ രാജിവെച്ചത്.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ജഡ്ജിക്കെതിരെ അനാവശ്യമായി ആക്ഷേപം ഉന്നയിക്കരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com