കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; 'അക്ഷയ കേരളം' രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 08:18 PM |
Last Updated: 07th January 2021 08:20 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യമന്ത്രിക്കൊപ്പം പൊതുപരിപാടിയില്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അക്ഷയ കേരളത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി തിരഞ്ഞെടുത്തത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025-ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 'എന്റെ ക്ഷയരോഗമുക്ത കേരളം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ക്ഷയരോഗം കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.