ശൈശവ വിവാഹം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു; വരന്‍ ഞരമ്പ് മുറിച്ചു, പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി, പോക്‌സോ കേസില്‍ ജയിലില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 08:03 PM |
Last Updated: 07th January 2021 08:03 PM | A+A A- |
പ്രതീകാത്മക ചിത്രം
ചാലക്കുടി: ശൈശവ വിവാഹം നടന്നെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വരന്‍ ഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. സിത്താര നഗര്‍ പണിക്കാട്ടില്‍ വിപിനാണ് (32) പിടിയിലായത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി.
മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് 17 വയസ്സാണുള്ളത്. താന്‍ പീഡനത്തിന് ഇരയായതായി പിന്നീട് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയതോടെയാണ് പോക്‌സോ കേസും ചുമത്തിയത്. എലിഞ്ഞിപ്രയില്‍ ഇന്നലെ 10 ന് നടന്ന വിവാഹത്തെ തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങള്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ തനിക്ക് ശുചിമുറിയില്‍ പോകണമെന്ന് യുവാവ് അറിയിച്ചു.
പുറത്ത് പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍ ക്ഷേത്രത്തിന് പിന്നിലെ ശുചിമുറിയില്‍ വച്ച് ഇയാള്‍ ഞരമ്പ് മുറിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പൊലീസ് ബലമായി വാതില്‍ തുറന്നപ്പോഴാണ് അവശനിലയില്‍ വിപിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസില്‍ പ്രതികളാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്‌ഐ കെ.കെ. ബാബു എന്നിവര്‍ അറിയിച്ചു.