പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2021 02:22 PM  |  

Last Updated: 08th January 2021 02:22 PM  |   A+A-   |  

Ibrahim kunju ex minister

വി കെ ഇബ്രാഹിം കുഞ്ഞ്/ ഫയല്‍ ചിത്രം

 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥയായി രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍്ട്ടും കോടതിയില്‍ നല്‍കണം.

എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ നീക്കത്തെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലിലും പോവാമെന്ന്, ജാമ്യാപേക്ഷയുടെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതിയില്‍ അപേക്ഷ പിന്‍വലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

''ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാം'' കോടതി വിമര്‍ശിച്ചു. ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു.ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് അര്‍ബുദ രോഗബാധിതനായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.