സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ല; 'മാസ്റ്റർ' റിലീസും ഇല്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 07:23 PM |
Last Updated: 09th January 2021 07:23 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള). വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തീയേറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ഫിയോക്കിന്റെ സമ്പൂർണ യോഗമാണ് ഇന്ന് നടന്നത്.
ഇതോടെ പൊങ്കൽ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ൻറെ കേരള റിലീസും നടക്കില്ല. നേരത്തെ ഒരു വിഭാഗം അംഗങ്ങൾ നഷ്ടം സഹിച്ചു തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചർച്ചകളും നടന്നു. ഇന്ന് രാവിലെ ആരംഭിച്ച യോഗം വൈകീട്ടാണ് അവസാനിച്ചത്. തിയേറ്ററുകൾ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.
തമിഴ് സിനിമയായ 'മാസ്റ്റർ' ആണ് ഇനിയുള്ള ഒരു വലിയ റിലീസ്. ഈ ചിത്രത്തിനു ശേഷം മലയാള സിനിമകൾ തിയേറ്ററുകൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിർമാതാക്കളും ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റർ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങൾക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തത്കാലം തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേർന്നത്.
പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകൾ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതൽ തീയേറ്ററുകൾക്ക് പ്രവർത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ പകുതി സീറ്റുമായി പ്രദർശനം നടത്തുന്നത് തങ്ങൾക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാർജ്, വിനോദ നികുതി എന്നിവയിൽ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദർശന സമയത്തിൽ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.
അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ൻറെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവൻകൂർ ഏരിയയിലെ വിതരണാവകാശം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസിനും കൊച്ചിൻ-മലബാർ ഏരിയയുടെ വിതരണാവകാശം ഫോർച്യൂൺ സിനിമാസിനുമാണ്.