കോവിഡ് വാക്‌സിന്‍: ആക്ഷന്‍ പ്ലാനുമായി കേരളം; കണ്‍ട്രോള്‍ റൂം; ചുമതല ജില്ലാകലക്ടര്‍ക്ക്

ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല.
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫെയ്‌സ്ബുക്ക് ചിത്രം
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവവന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ വിജയകരമായി നടപ്പാക്കാന്‍ സംസ്ഥാനത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാകുക. 

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതിആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.

ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. ജില്ലകളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങുന്നതാണ്. കോവിഡ് വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ കേന്ദ്രങ്ങളും അവയുടെ പോരായ്മകള്‍ കൃത്യമായി പരിഹരിച്ച് വാക്‌സിന്‍ വിതരണം സുഗമമാക്കണം. കോള്‍ഡ് സ്‌റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കോള്‍ഡ് സ്‌റ്റോറേജിന് കേടുപാട് സംഭവിച്ചാല്‍ ഉടന്‍തന്നെ പകരം സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. ജില്ലാ, ബ്ലോക്ക് തലത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. എല്ലാ ജില്ലകളിലും ടാക്‌സ് ഫോഴ്‌സിന്റെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്നതാണ്.

കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com