നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
By സമകാലികമലയാളം ഡെസ്‌ക് | Published: 10th January 2021 03:10 PM |
Last Updated: 10th January 2021 03:10 PM | A+A A- |

വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനത്തില്‍ നിന്ന്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോള്‍ത്തന്നെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരുവിഭാഗം പരസ്യമായി രംഗത്തുവന്നിരുന്നു. യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് എതിരെ എല്‍ഡിഎഫും വലിയ പ്രചാരണം നടത്തിയിരുന്നു.