പ്രതിപക്ഷത്തിനെതിരെ തുരുതുരെ ചോദ്യങ്ങള്‍ ; പൊട്ടിത്തെറിച്ച് ചെന്നിത്തല ; സഭയില്‍ മുഖ്യമന്ത്രിയുമായി വാക് പോര്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്
പിണറായി വിജയന്‍, രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
പിണറായി വിജയന്‍, രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം


തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ പ്രാഥമികാന്വേഷണത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കോണ്‍ഗ്രസ് അംഗം കെ സി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കില്‍ നോക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. 

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ പ്രതിപക്ഷവും അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും നടത്തിയ അന്വേഷണത്തില്‍ സിഡി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഈ കേസ് നിലനില്‍ക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെയുള്ളത്. താന്‍ ആരില്‍ നിന്നും കോഴ വാങ്ങിയിട്ടില്ല, ചോദിച്ചിട്ടുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബോധപൂര്‍വമായി പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. ഏത് അന്വേഷണം നടത്തിയാലും ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഭരണപക്ഷത്തു നിന്ന് ആരും പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ ബഹളം വെച്ചില്ല. അവരു തന്നെയാണ് ബഹളം വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലെ ആദ്യ ഭാഗം സംസ്ഥാനത്തെ ജനങ്ങളുടെ ഓര്‍മശക്തിയെ ചോദ്യം ചെയ്യുന്നതാണ്. 2011 മുതല്‍ 2016 വരെ എന്താണ് നടന്നിരുന്നത് എന്ന് എല്ലാവരും മറന്നു പോയി എന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്. 

അഴിമതിയുടെ കൂത്തരങ്ങായിരുന്നു അത്. എന്താണ് പ്രതിപക്ഷത്തെക്കുറിച്ച് ജനങ്ങള്‍ കരുതിയത്. നിങ്ങള്‍ ഈ നാടിന് ശാപമാണെന്ന് ജനങ്ങള്‍ കണക്കാക്കിയിരുന്നില്ലേ. ആ കാലം മറന്നുപോകുകയാണോ. ആ കാലത്തെക്കുറിച്ച് ഭരണപക്ഷത്തെ ചിലര്‍ ഉന്നയിച്ചാല്‍ മറുപടിയായാണോ കാണേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ മുന്‍കാല അഴിമതികളെക്കുറിച്ച് തുടരെ ചോദ്യങ്ങളുന്നയിച്ചതാണ് സഭയില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരിന് കാരണമായത്. വി ഡി സതീശനും പി ടി തോമസിനും കെ എം ഷാജിക്കും എതിരായ അഴിമതി ആരോപണങ്ങളും ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com