ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടു നല്‍കുന്ന പദ്ധതി ; യുഡിഎഫ് വന്നാല്‍ പിരിച്ചു വിടില്ല ; ഹസ്സനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചു വിടില്ല. പട്ടിണിപ്പാവങ്ങളായ നിരവധി പേര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍. അതിനാല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി ഒരിക്കലും പിരിച്ചുവിടില്ല.

മുകളിലാകാശം മാത്രമായി നില്‍ക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട്. അവര്‍ക്കൊരു ഭവനപദ്ധതി. ആ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. യുഡിഎഫ് നാളെ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഈ നാട്ടില്‍ വീടില്ലാത്ത ഒരാളുപോലും ഉണ്ടാകാന്‍ പാടില്ല എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹസ്സന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന് അഭിപ്രായപ്പെട്ടത്. 

ഹസ്സന്റേത് നാക്കുപിഴവാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതി പിരിച്ചുവിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സാധാരണക്കാര്‍ക്ക് വീടു വെച്ചുകൊടുക്കുന്ന പദ്ധതിയെ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുമോ. എതിര്‍ക്കുന്നത് പദ്ധതിയില്‍ നടന്ന അഴിമതിയെയാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com