ശബരിമലയില്‍ മകരവിളക്കും മകരസംക്രമ പൂജയും നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശബരിമല : ശബരിമലയില്‍ മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും നാളെ നടക്കും. 14 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 8.14 നാണ് ഭക്തിനിര്‍ഭരമായ മകര സംക്രമ പൂജ നടക്കുക. 

തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊടുത്തുവിടുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകര സംക്രമ പൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ സ്വീകരിക്കും. 

തുടര്‍ന്ന് സന്നിധാനത്തേക്ക് കൊണ്ടു വരുന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ആചാരപ്രകാരം സ്വീകരണം നല്‍കും. 

ഇതിന് ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. ശേഷം 6.30 ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. 

ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും. 14 ന് രാത്രി മണ്ഡപത്തില്‍ കളമെഴുത്തും പാട്ടും പൂജയും നടക്കും. 15,16,17,18 തീയതികളില്‍ എഴുന്നള്ളത്ത് നടക്കും.
 
19 നാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19 ന് വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളൂ. 20 ന് ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോല്‍സവത്തിന് പരിസമാപ്തിയാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com